കൽപ്പറ്റ: കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ കഐസ്ഇബി ജീവനക്കാർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിന് മുന്പിൽ പ്രതിഷേധ സംഗമം നടത്തി.
2016ലെ ശന്പള പരിഷ്കരണ കരാറിന് അംഗീകാരം നൽകുന്നതിനു മറവിൽ ജീവനക്കാർക്ക് ദ്രോഹകരമാകുന്ന വ്യവസ്ഥകൾ സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയതിനെതിരേയായിരുന്നു പരിപാടി. ഉത്തരവിന്റെ പകർപ്പ് ജീവനക്കാർ കത്തിച്ചു. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി യെൽദോ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി കന്പനിവത്കരിച്ചപ്പോൾ ഉണ്ടാക്കിയ ത്രികക്ഷി കരാറിന് വിരുദ്ധമായ വ്യവസ്ഥകളാണ് സർക്കാർ ഉത്തരവിൽ ഉൾക്കൊള്ളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2023ൽ നടപ്പാക്കേണ്ട ശന്പള പരിഷ്കരണം ഇതേവരെ പ്രാവർത്തികമായില്ല. പരിഷ്കരണ പ്രാബല്യ തീയതി 2024 മുതൽ ആക്കുന്നതിന് ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് അർഹമായ ഡിഎ കുടിശിക സർക്കാർ നിർദേശത്തെത്തുടർന്ന് തടഞ്ഞുവച്ചിരിക്കയാണെന്നും യെൽദോ ഫിലിപ്പ് പറഞ്ഞു. എം.കെ. സതീഷ്, കെ.എം. ജംഹർ, ആർ. ബിജു, കെ.സി. ജയേഷ്, ആർ. സുന്ദരൻ എന്നിവർ പ്രസംഗിച്ചു.